Tuesday 30 April 2013

മറന്നു വച്ചവ.....


മറന്നുവച്ചവയൊക്കെയും
ഓര്‍മ്മകളിലേക്ക് നീന്തിക്കയറുന്നത്
കുളത്തിലെ വെള്ളം
വറ്റിത്തുടങ്ങിയപ്പോഴാണ്.
ഓര്‍മ്മിച്ചു വച്ചതൊക്കെയും
കുളത്തോടൊപ്പം വറ്റി
മണ്ണിന്‍റെ ഉള്ളിലേക്ക്.
വെറുതെയിരിക്കുമ്പോഴാണ്
മുകുളങ്ങളുള്ള മറവികളൊക്കെ
ഓര്‍മ്മകളില്‍ മുളയ്ക്കുന്നത്.
അതിരാവിലെ തിരുവനന്തപുരത്ത് നിന്നും
ഒരു കറുത്ത ഷര്‍ട്ട് ഓര്‍മ്മിച്ചു തുടങ്ങി.
ദേഹത്തിടുമ്പോഴൊക്കെയും അരുമയോടെ
ചേര്‍ന്നു  നിന്ന് എന്നെ അധികം
ഡിറ്റര്‍ജന്റിടാതെ  വൃത്തിയായി
അലക്കി ഇസ്തിരിയിട്ട് നോക്കില്ലേ എന്നൊരാളല്‍
എപ്പൊഴും കേള്‍പ്പിക്കാറുണ്ടായിരുന്നു അത്.
മിണ്ടാതിരി ഷര്‍ട്ടെയെന്ന്‍ ഉള്ളിലെങ്ങാനും ഓര്‍ത്താല്‍
പണ്ട് വെളുത്തേടത്തി ചാണോനും വെണ്ണീരും
തേച്ച് അലക്കി വെളുപ്പിച്ച കഥയോര്‍ത്ത്
എന്നോട് പിണങ്ങി പുറകു വശത്ത്
അണ്ടര്‍ വെയറിന്റെ കമ്പനി മുദ്ര
വെളിപ്പെടുന്ന തരത്തില്‍ ഒന്നു ചുരുണ്ടുയരും.
ചാവക്കാട്ടെ പോലീസിനെ ഓര്‍ത്തുള്ള ഒരു ഗൂഡസ്മിതം
അപ്പോള്‍ രണ്ടു പോക്കറ്റിലും വീര്‍ത്തണയും.

ഉച്ചയോടെയാണ് തൃശ്ശൂരില്‍ മറന്നിറങ്ങിപ്പോയ
ഒരു ജോഡി ബാറ്റ ചെരിപ്പ് മുളച്ചു പൊന്തിയത്.
വാങ്ങിയ ഉടനെ,
കാലിനു തഴക്കം വരുന്നതിനു മുന്‍പ്
അതിന്‍റെ മുകുളങ്ങളുടെ കുത്തേറ്റു ഇക്കിളിപ്പെടുന്നതങ്ങനെ
ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കും.
പിന്നെ റക് സാക്കില്‍ അതു ചുറ്റിയ നാടുകളുടെ കഥ പറയും.
തല പുറത്തേക്കിട്ടു
സാക്കിന്‍റെ കീശയില്‍ കിടത്തിയത്
നന്ദിയോടെ ഓര്‍ക്കും.
ഒടുവില്‍ നാടകക്കളരിയില്‍ പല കാലുകളുടെ ചവിട്ടു കൊണ്ട്
രാജാപ്പാര്‍ട്ട് നാടകങ്ങളുടെ മെതിയടിയൊച്ചയില്‍ നടുങ്ങി
ചെളി പിടിച്ചിരിക്കേണ്ട വിധിയോര്‍ത്ത് കരയും.
ഞാനിതൊന്നും ശ്രദ്ധിക്കാതെ അപ്പോഴേക്കും
പുതിയൊരു സ്ലിപ്പോണില്‍ കാലു തിരുകിത്തുടങ്ങിയിരിക്കും

വൈകുന്നേരമായപ്പോള്‍
ചുവന്ന കടലാസു പൂക്കള്‍
പലയിടങ്ങളിലായി മുളയ്ക്കുന്നു
കുന്നിന്‍റെ മുകളിലെ സ്കൂള് വരാന്തയില്‍
മുള്ളുത്തിയില്‍ കോര്‍ത്ത
ചുരുണ്ട ചെമ്പന്‍ മുടിക്കീറുകള്‍.
ഏതോ ആല്‍ത്തറയില്‍
എന്‍റെ വിരലുകള്‍ക്കിടയിലേക്കെപ്പോഴും
നുഴഞ്ഞു കയറുന്ന ഒരു മോതിരക്കൈ.
മറന്നുവച്ചവ പലതാണ്.
ഓര്‍മ്മിച്ചതില്‍ പാതിയും
മറന്നവയാണെന്നോര്‍ത്ത്
വെറുതെയിരിക്കുമ്പോള്‍
മറന്നതൊക്കെയും
എവിടെയൊക്കെയോ
വീണ്ടും മുളച്ചു തുടങ്ങുന്നു.