Tuesday 30 April 2013

മറന്നു വച്ചവ.....


മറന്നുവച്ചവയൊക്കെയും
ഓര്‍മ്മകളിലേക്ക് നീന്തിക്കയറുന്നത്
കുളത്തിലെ വെള്ളം
വറ്റിത്തുടങ്ങിയപ്പോഴാണ്.
ഓര്‍മ്മിച്ചു വച്ചതൊക്കെയും
കുളത്തോടൊപ്പം വറ്റി
മണ്ണിന്‍റെ ഉള്ളിലേക്ക്.
വെറുതെയിരിക്കുമ്പോഴാണ്
മുകുളങ്ങളുള്ള മറവികളൊക്കെ
ഓര്‍മ്മകളില്‍ മുളയ്ക്കുന്നത്.
അതിരാവിലെ തിരുവനന്തപുരത്ത് നിന്നും
ഒരു കറുത്ത ഷര്‍ട്ട് ഓര്‍മ്മിച്ചു തുടങ്ങി.
ദേഹത്തിടുമ്പോഴൊക്കെയും അരുമയോടെ
ചേര്‍ന്നു  നിന്ന് എന്നെ അധികം
ഡിറ്റര്‍ജന്റിടാതെ  വൃത്തിയായി
അലക്കി ഇസ്തിരിയിട്ട് നോക്കില്ലേ എന്നൊരാളല്‍
എപ്പൊഴും കേള്‍പ്പിക്കാറുണ്ടായിരുന്നു അത്.
മിണ്ടാതിരി ഷര്‍ട്ടെയെന്ന്‍ ഉള്ളിലെങ്ങാനും ഓര്‍ത്താല്‍
പണ്ട് വെളുത്തേടത്തി ചാണോനും വെണ്ണീരും
തേച്ച് അലക്കി വെളുപ്പിച്ച കഥയോര്‍ത്ത്
എന്നോട് പിണങ്ങി പുറകു വശത്ത്
അണ്ടര്‍ വെയറിന്റെ കമ്പനി മുദ്ര
വെളിപ്പെടുന്ന തരത്തില്‍ ഒന്നു ചുരുണ്ടുയരും.
ചാവക്കാട്ടെ പോലീസിനെ ഓര്‍ത്തുള്ള ഒരു ഗൂഡസ്മിതം
അപ്പോള്‍ രണ്ടു പോക്കറ്റിലും വീര്‍ത്തണയും.

ഉച്ചയോടെയാണ് തൃശ്ശൂരില്‍ മറന്നിറങ്ങിപ്പോയ
ഒരു ജോഡി ബാറ്റ ചെരിപ്പ് മുളച്ചു പൊന്തിയത്.
വാങ്ങിയ ഉടനെ,
കാലിനു തഴക്കം വരുന്നതിനു മുന്‍പ്
അതിന്‍റെ മുകുളങ്ങളുടെ കുത്തേറ്റു ഇക്കിളിപ്പെടുന്നതങ്ങനെ
ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കും.
പിന്നെ റക് സാക്കില്‍ അതു ചുറ്റിയ നാടുകളുടെ കഥ പറയും.
തല പുറത്തേക്കിട്ടു
സാക്കിന്‍റെ കീശയില്‍ കിടത്തിയത്
നന്ദിയോടെ ഓര്‍ക്കും.
ഒടുവില്‍ നാടകക്കളരിയില്‍ പല കാലുകളുടെ ചവിട്ടു കൊണ്ട്
രാജാപ്പാര്‍ട്ട് നാടകങ്ങളുടെ മെതിയടിയൊച്ചയില്‍ നടുങ്ങി
ചെളി പിടിച്ചിരിക്കേണ്ട വിധിയോര്‍ത്ത് കരയും.
ഞാനിതൊന്നും ശ്രദ്ധിക്കാതെ അപ്പോഴേക്കും
പുതിയൊരു സ്ലിപ്പോണില്‍ കാലു തിരുകിത്തുടങ്ങിയിരിക്കും

വൈകുന്നേരമായപ്പോള്‍
ചുവന്ന കടലാസു പൂക്കള്‍
പലയിടങ്ങളിലായി മുളയ്ക്കുന്നു
കുന്നിന്‍റെ മുകളിലെ സ്കൂള് വരാന്തയില്‍
മുള്ളുത്തിയില്‍ കോര്‍ത്ത
ചുരുണ്ട ചെമ്പന്‍ മുടിക്കീറുകള്‍.
ഏതോ ആല്‍ത്തറയില്‍
എന്‍റെ വിരലുകള്‍ക്കിടയിലേക്കെപ്പോഴും
നുഴഞ്ഞു കയറുന്ന ഒരു മോതിരക്കൈ.
മറന്നുവച്ചവ പലതാണ്.
ഓര്‍മ്മിച്ചതില്‍ പാതിയും
മറന്നവയാണെന്നോര്‍ത്ത്
വെറുതെയിരിക്കുമ്പോള്‍
മറന്നതൊക്കെയും
എവിടെയൊക്കെയോ
വീണ്ടും മുളച്ചു തുടങ്ങുന്നു.

Monday 20 August 2012

കാറ്റ്


മെല്ലെ
ആരോടും
ഒന്നും പറയാതെ
എന്ടടുത്തെക്ക്
വന്നതാണ്.
നിന്റെ ശ്വസോച്ച്വാസങ്ങളില്‍
ആരെയോ മണക്കുന്നു.
രണ്ടു കണ്ണുകളിലും
മൂക്കിന്റെു തുമ്പത്തും
നീ നിശ്വസിക്കുന്നു.
കണ്ണു തുറന്നപ്പോള്‍
കൊടുങ്കാറ്റ്.
ഓര്മ്മകകളില്‍
വെള്ളപ്പൊക്കം.
എന്നെത്തഴുകിയ
മരങ്ങളൊക്കെയും
കടപുഴകിയിരിക്കുന്നു .
നിശ്ചലമായ നിലാവില്‍
പുഴയോഴുകുന്നു.
ഇല കൊഴിഞ്ഞ
ശിശിരങ്ങളുടെ
ഓര്മ്മ്കളിലേക്ക്
നീ പതിയെ
വീശിത്തുടങ്ങുന്നു .
ഇനിയൊരു
കൊടുങ്കാറ്റ്,
വെള്ളപ്പൊക്കം
താങ്ങാനാവാതെ
എന്റെ ഓര്മ്മ കള്‍
പുഴയോടൊപ്പം
മരങ്ങളോടൊപ്പം
എങ്ങോട്ടോ .....

Wednesday 20 June 2012

ജീവിതം റിവേഴ്സ് ഗീയറില്‍

ഓര്‍മ്മപ്പെടുത്തലുകള്‍ 
വിദൂരമായ 
എന്തോ ഒന്നിനെ 
എന്നിലേക്കടുപ്പിക്കുന്നു
എത്ര കുടഞ്ഞിട്ടും
വിട്ടു പോകാതെ 
മനസ്സില്‍ കറയായി
ഒരോര്‍മ്മ 
ഭൂതകാലത്തിന്റെ 
നിറഭേദങ്ങളില്‍ 
വെള്ളി വെളിച്ചത്തിന്റെ 
ഒരിടക്കാലം 
കണ്ണടയ്ക്കുമ്പോള്‍ 
തെളിയുന്നതും 
തുറക്കുമ്പോള്‍ 
മങ്ങുന്നതുമായ 
ഒരു ശലഭജീവിതം 
ശലഭം നിദ്രയിലാണ്ടു
കൊക്കൂണിന്റെ നിറം 
പഴയതിലും 
കരുവാളിച്ചിരുന്നു 
പുഴുവിന് പഴയ 
ചുറുചുറുക്കില്ല 
മുട്ട ആരും കാണാതെ 
പാണലിലയുടെ 
അടിയില്‍ നിന്നും 
ചെങ്കല്ലിന്റെ കുഴിയിലെ 
ഒരിറ്റു വെള്ളത്തിലേക്ക് 
അടര്‍ന്നു വീണു 


Monday 11 April 2011

പെരു വഴിയിലിരിക്കുമ്പോള്‍ ചിന്തിക്കുന്നത്

കട്ടെടുത്ത്
കയ്പ്പെടുത്തു
ജീവിതം കരിയെടുത്തു.
പല്ലു വെളുത്തു
തല കറുത്തു.
വഴി തിരിച്ചു
മൊഴി തിരിഞ്ഞു
പെരുവഴിയണഞ്ഞു.
കാല്‍പ്പവന്‍
കാത്തിരുപ്പ്
അമ്മയ്ക്കു തിളക്കം
വഴിയൊടുക്കം.

കടുക്കനെടുത്ത്
പൊട്ടക്കിണറ്റിലിട്ടു.
കുടുക്കാതിരിക്കാന്‍
കുടുങ്ങാതിരിക്കാന്‍.

ഓര്‍ മ്മ, അറിവ്
വന്ധ്യം , അന്ധം.
കണ്ണു തുറന്നാല്‍
ജ്ഞാനം .
തുറന്ന കണ്ണുകള്‍
ശവത്തെ ഓര്‍മ്മിപ്പിക്കും .
അതറിവു തരും
ജീവന്‍ തരും.
ജീവിതം പൂക്കും
പിന്നെ നാറും.

നാറ്റം മണത്താല്‍
നാറുന്നവളെ പുല്‍കിയാല്‍
നാടറിയും.
വീടണയും.
ഇനി നടക്കാം.

പൊന്തച്ചുറ്റില്‍
ഇലകളനങ്ങിയാല്‍
മുത്തപ്പന്‍ വരും
കള്ളു തരും.
പതപ്പില്‍ കയ്യെത്തുന്ന
കുഞ്ഞിത്തെങ്ങിന്റെ കള്ളിനു
രുചി പോരായെന്നു
മീശ തുടയ്ക്കും.
കെ പിടിച്ചു
കുളിയന്‍തറ കടത്തും.

ഇനി രണ്ടു ചാല്‍
നടന്നാല്‍ വീടെത്താം
നിശബ്ദതയെ
മേയാന്‍ വിട്ട്
ശബ്ദഭണ്ഡാരത്തിന്റെ മൂടി
തുറന്നു വച്ചിട്ടുണ്ടാകും
അരെങ്കിലും
വീട്ടിലിപ്പോള്‍

ഒച്ച
നടുക്കം
ഹ്രിദയ സ്തംഭനം.
നടക്കണ്ട,
നടുങ്ങണ്ട.
ഇവിടെത്തന്നെയിരിക്കാം
കാറ്റെങ്കിലും കൊള്ളാലോ?

Monday 7 February 2011

ഇടച്ചേരി (Middle class) ഗാന്ധി-തുടര്‍ച്ച(ഇടര്‍ച്ച)

"ഗാന്ധിജിയെ
ഞാനറിയുന്നത്
സ്റാമ്പിലൂടെയാണ്.
ഒരു രൂപയുടെ
ഗാന്ധിജി.
തപാല്‍മുദ്രയുടെ
ഇടിയേറ്റ്
കരുവാളിച്ച മുഖം.
സത്യാന്വേഷണപരീക്ഷണങ്ങളുടെ ഫലം".

(ഇടച്ചേരി, സീന്‍ 7- എ സി ശ്രീഹരി)


(തുടര്‍ച്ച, കമലിന്റെ 'ഗദ്ദാമ' എന്ന സിനിമയുടെ ഇന്റെര്‍വല്‍.
സൂം ഇന്‍ ചെയ്തു വരുന്ന നൂറു രൂപ നോട്ടുകള്‍ ഓര്‍മ്മയില്‍)


ഇന്നലെ
ഞാനൊരു
ഗാന്ധിയെ കണ്ടു.
ഒരു ഗദ്ദാമയുടെ
മുഖത്തിന്റെ ക്ലോസ്സപ്പിനോപ്പം
ആ മൊട്ടത്തലയും
കണ്ണടയും.
(അ)പര നാടിന്റെ
ഏകാന്തതയില്‍
ഒരു രൂപയുടെ പോലും
വിലയില്ലാത്ത
ചിത്രക്കടലാസുകള്‍.
സത്യങ്ങളുമില്ല
പരീക്ഷണങ്ങളുമില്ല.
മൂന്നു മുഖങ്ങളുടെ
ക്ലോസ്സപ് മാത്രം.
1)ഗദ്ദാമ
2)ഗാന്ധി
3)കോയിന്‍ ബോക്സ്
ഇവിടെ
അര് ആര്‍ക്കാണ്
വിലയിടുന്നത്?
ഏതിനാണ്
വിലക്കൂടുതല്‍?

Thursday 16 December 2010

ഞാന്‍ തീ
നീ കാറ്റ്
നമ്മളൊരുമിച്ചാല്‍
തീക്കാറ്റ്.
നമ്മള്‍ വേര്‍പെട്ടാല്‍
പൊടിക്കാറ്റ്.
ഇടയിലെപ്പോഴും
വെന്തുരുകുന്നതും
കണ്ണ് തിരുമ്മുന്നതും
നമ്മുടെ (അങ്ങനെ പറയാമെങ്കില്‍)
മക്കള്‍.

പുകമറ

എന്റെയുള്ളില്‍ പുക
നിന്റെയുള്ളില്‍ മറ
നമുക്കിടയില്‍
പുകമറ