Thursday 16 December 2010

ഞാന്‍ തീ
നീ കാറ്റ്
നമ്മളൊരുമിച്ചാല്‍
തീക്കാറ്റ്.
നമ്മള്‍ വേര്‍പെട്ടാല്‍
പൊടിക്കാറ്റ്.
ഇടയിലെപ്പോഴും
വെന്തുരുകുന്നതും
കണ്ണ് തിരുമ്മുന്നതും
നമ്മുടെ (അങ്ങനെ പറയാമെങ്കില്‍)
മക്കള്‍.

പുകമറ

എന്റെയുള്ളില്‍ പുക
നിന്റെയുള്ളില്‍ മറ
നമുക്കിടയില്‍
പുകമറ

Tuesday 10 August 2010

സഹജീവനം

നിന്റെ വഴി
മുന്നിലേക്കു നീണ്ട്
വളഞ്ഞു തിരിഞ്ഞ്
എന്നിലേക്ക്.

എന്റേത്
മുന്നിലേക്കു നീണ്ട്
വളഞ്ഞു തിരിഞ്ഞ്
നിന്നിലേക്ക്‌.

ചിലപ്പോള്‍
നമ്മുടെ വഴികളുടെ
വളവു തിരിവുകളില്‍
കയറ്റിറക്കങ്ങളില്‍
ഒരിടത്താവളം.

ഒട്ടൊന്നു വിശ്രമിച്ച്
വളഞ്ഞു തിരിഞ്ഞ്
കയറിയിറങ്ങി
നമുക്ക്
നമ്മുടെ വഴിയില്‍
കൈകോര്‍ക്കാം.

Wednesday 14 July 2010

നാം
രണ്ടു ശരീരങ്ങള്‍.
പകലില്‍
രാത്രിയോന്നു
മേഞ്ഞപ്പോള്‍
പൊട്ടിയോലിച്ചുപോയി
പിത്തരസം.
ഗൃഹാതുരതയുടെ
പൊടിക്കനങ്ങളില്‍ നിന്റെ
ചര്‍ദിലു വീണു
നനഞ്ഞൊട്ടിയ കൊട്ട.
പുഴവക്കത്തെ
ചേരു മരത്തില്‍
ഇപ്പോഴും
തൂങ്ങിക്കിടപ്പുണ്ട്
വിത്തുകള്‍
കോരിയെടുത്ത
ഒരുറ.

Monday 12 July 2010

ലഹരി മണക്കുന്ന പൂക്കള്‍

ലഹരി
മണക്കുന്ന പൂക്കളേ
നിങ്ങളെ ഞാനെന്റെ
പ്രണയിനിക്ക് നല്‍കട്ടെ.
അവളുടെ മൂക്ക്
നിങ്ങളുടെ വാറ്റുമണം
തുമ്മിതീര്‍ക്കട്ടെ.
നീളത്തിലിഴഞ്ഞൊരു പെരുമ്പാമ്പ്
ജീവിതം വിഴുങ്ങുമ്പോള്‍
എന്നെ വാറ്റ്
മണക്കുന്നെന്നാര്‍‍ത്തോരെ,
കുടിലതയുടെ
വ്യഭിജാരക്കളങ്ങളില്‍
നിങ്ങള്‍ക്കു സ്വസ്തി.

പത്താം ക്ലാസ്സിലോരെ-
ഴാമത്തെ പിരിഡില്‍
'മാംസനിബദ്ധമല്ല രാഗ'മെന്നു
മോളി ടീച്ചര്‍
ഒച്ചയെടുക്കുമ്പോള്‍
നീയെന്നിലേയ്ക്ക് ചേര്‍ന്നിരുന്നു
പറങ്കിമാങ്ങ വാറ്റിനെക്കുറിച്ച്
പറഞ്ഞയന്നു വൈകുന്നേരമാണ്
പൊട്ടിയ കന്നാസും
ഒഴുകുന്ന വാഷും
എന്റെ ജീവിതത്തില്‍
ചേക്കേറിയത്.
പിന്നെ,
ജനാര്‍ദ്ദനന്‍ മാഷ്‌
കോടാലിയുമായി വന്ന്
എന്റെ കന്നാസുകളെല്ലാം
കൊത്തിപ്പൊളിച്ചയന്നും
കയ്യില്‍പ്പുരണ്ട ചോരയ്ക്ക്
പറങ്കിമാങ്ങയുടെ മണമായിരുന്നു.
എന്റെ നാക്ക്
നിന്റെ മൂക്കിലുരസിയപ്പോള്‍
എന്‍ഡോസള്‍ഫാന്‍
കുടിച്ചു തീര്‍ന്നുപോയ
തലമുറകളെന്നെ പ്രാകി.
അനിയത്തിയുടെ
കണ്ണിരുട്ടിലേയ്ക്ക്
പറങ്കിമാങ്ങ നീരുറ്റിച്ചു
മോക്ഷപ്പെടുത്തിയത്
അന്നു വൈകുന്നേരം.
പറങ്കിമാങ്ങകള്‍ തൂങ്ങിക്കിടന്ന
അച്ഛാച്ചന്റെ കണ്ണുകള്‍
ചുരണ്ടിയെടുത്ത്
കുട്ടിച്ചാത്തന്‍ മാവിന്റെ
നെറുകയില്‍ തൂക്കിയിട്ടതിന്റെ
പിറ്റേന്ന്
നിന്നിലെ
എന്റെ വാറ്റുമണങ്ങളെ
മറ്റൊരാള്‍ നുകര്‍ന്നു.
ഞാനും
ലഹരി മണക്കുന്ന
എല്ലാ പൂക്കളും
കുട്ടിച്ചാത്തന്‍ മാവിന്റെ
നെറുകയില്‍ ഞാന്നു.

Friday 28 May 2010

മാനഭംഗപ്പെട്ട പെണ്‍കുട്ടി*

I മാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ ഓര്‍മ്മക്കുറിപ്പ്

ഞാന്‍
എന്റെ ചിന്തകള്‍
തളിരിട്ടു തുടങ്ങിയപ്പോഴാണ്
ഞാന്‍,
അഭ്രപാളികളെ സ്നേഹിച്ചത്
ഷീല,പാര്‍വതി,മീരാജാസ്മിന്‍
ഇവരെ സ്വപ്നം കണ്ടതാണ്
എന്റെ തെറ്റ്.
എന്റെ തെറ്റ് അവരുടെ
ശരിയായി.
ഒരു പക്ഷെ
അവരും ഇതുപോലെ ...........

ഇവര്‍
വേദനിപ്പിക്കുന്ന ഓര്‍മകളെ
ആശ്വസിപ്പിക്കാന്‍
വന്ന'യിവരി'ല്‍ കണ്ടത്
പരിഹാസച്ചിരിയായിരുന്നു.
ഓരോ മുഖവും
വക്രച്ചിരിയുടെ
ഓരോ ഉടലുകലായിരുന്നു.
ഇവര്‍,
ജനുവരിയുച്ചയിലെ വെയിലാണ്,
പഞ്ഞക്കര്‍ക്കിടകത്തിലെ മഴയാണ്,
നാശമാണ്.
മ്രിത്യുവാണ്.

അവര്‍
ഒരു പക്ഷെ , 'ഇവരി'ലും
ഭേദമായിരുന്നു 'അവര്‍'.
അവരുടെ, നോട്ടത്താല്‍ ഉദ്ധ്രിതമായ
എന്റെ മുലഞെട്ടുകളെ
വാത്സല്യതോടെയാണ്
അവര്‍ തഴുകിയത്. (അറുക്കാന്‍ കൊണ്ടുവന്ന
മൃഗതോട് തോന്നുന്ന വാത്സല്യമാണോ എന്നറിയില്ല).
അത് കയ്യിലെടുക്കുമ്പോള്‍
അവരുടെ കണ്ണുകള്‍
തിളങ്ങുന്നതും പിന്നെ
കലങ്ങുന്നതും
ഞാന്‍ കണ്ടിരുന്നു .
അവര്‍,
ഡിസംബറിലെ മഞ്ഞാണ്
സ്നേഹമാണ്.
പ്രാവാണ്.

ഇവരും അവരും

ഇന്ന്‍ എനിക്ക് വേണ്ടി
ശബ്ദിച്ച്ച'യിവര്‍' നാളെ
എനിക്ക് ശേഷം നിശബ്ദരാകും .
'അവരെ'പ്പോഴുമെന്‍
വേര്‍പാടില്‍
അതിരില്ലാതെ ദുഖിക്കും
കാരണം,അവര്‍ക്കെന്നെ
വേണമായിരുന്നു.

വീണ്ടും ഞാന്‍
അവരോടോത്തുള്ള എന്റെ
ഓരോ രാത്രിയും
കൊഴിയുന്നത്
പുത്തന്‍ (ബ്രിഹത്)
സൌഹൃദങ്ങള്‍ നിര്‍മ്മിച്ചാണ്.
അങ്ങനെ ഒരു പ്രസ്ഥാനമായ
ഞാന്‍ ഒരു രാഷ്ട്രമായി
വളരുകയായിരുന്നു
കൊടിക്കൂറയില്ലെങ്കിലും**.

II വായനക്കാരിയുടെ പ്രതികരണം

എന്റെ മാനവും
ഒന്ന്‍ 'ഭംഗ'പ്പെട്ടിരുന്നെങ്കില്‍
ഞാനും ഒരു പ്രസ്ഥാനമായേനെ.
ഞാനും ഒരു രാഷ്ട്രമായേനെ.

(*ബിരുദ പഠനകാലത്ത് പത്രങ്ങളില്‍ നിറഞ്ഞു നിന്ന, മനസ്സില്‍ തറഞ്ഞ ചില വാര്‍ത്തകള്‍, വീട്ടില്‍ നിന്ന് കോളേജിലേക്കും തിരിച്ചുമുള്ള ഒരു മണിക്കൂര്‍ ബസ്‌ യാത്രകളില്‍ മാസങ്ങളോളം കൊണ്ട് നടന്നു പൊലിപ്പിചെടുതത്.)

(**കടപ്പാട്-രൂപേഷ് പോളിന്റെ 'പെണ്‍കുട്ടി ഒരു രാഷ്ട്രമാണ്' എന്ന കവിതയോട്)

Sunday 9 May 2010

മഞ്ഞു പറയുന്നത്

(മഞ്ഞു പറഞ്ഞു )
ഐസായിരിക്കാന്‍
ഇനി വയ്യ
ഞാനുരുകലായി.
പ്രണയം ക്ലീഷേ
ആയിതീര്‍ന്നപ്പോള്‍
മധുര സ്വപ്‌നങ്ങള്‍ ആശംസിച്
ശുഭരാത്രി നെര്‍ന്ന്‍
അവള്‍ ബൈ പറഞ്ഞു.
(ജലം ഉറഞ്ഞു തുടങ്ങി)
ഭാഗ്യം,
ജി ടോക്കില്‍ (G-talk)
ബ്ലോക്ക് ഹെര്‍ (block her)
എന്നോരോപ്ഷനുണ്ട്.
(മഞ്ഞു പറഞ്ഞു)
ഐസായിരിക്കുന്നതാ നല്ലത്
വെറുതെ ഒഴുകണ്ടല്ലോ.

Thursday 1 April 2010

നിനക്ക് (ഒരു ഡിസംബറിന്റെ ഓര്മ്മയ്ക്ക്)

ഇക്കൊല്ലം
ഡിസംബര്‍
അനുവദിക്കുകയാണെങ്കില്‍

കുന്നിന്‍ മുകളിലേക്കു
പോകണം
സ്കൂള്‍ വരാന്തയിലെ
ചെടിച്ചട്ടികളെ നോക്കി,
കാഴ്ചയുടെ
അറ്റത്തെ
കുളപ്പരപ്പിനെ നോക്കി
ഓര്മ്മകളെ
വാടകയ്ക്കെടുക്കണം
(ഓര്മ്മകളെക്കുറിച്ചുള്ള
ഓര്മ്മകള്‍ എന്നെ എല്ലായ്പ്പോഴും
വേദനിപ്പിക്കാറെയുള്ളൂ എങ്കിലും).
വിശ്വാസത്തിന്റെ
മൂകതയില്‍
മറച്ചു വയ്ക്കപ്പെട്ട
ദൈന്യതയാണു
ജീവിതമെന്ന്
അലറിക്കരയണം.
ഓര്മ്മയില്‍
അക്ഷരങ്ങള്‍
മന്ത്രങ്ങളാകുമെങ്കില്‍
നീ അരികില്‍ വരണം
നിറയെ
ആ ചുവന്ന
കടലാസു പൂക്കളുള്ള
ബൊക്കെയുമായി.
അപ്പോള്‍
അര്ഥ വ്യത്യാസങ്ങളുടെ
പാല്‍പ്പുഞ്ചിരിയില്‍
നമുക്കിടയില്‍
ജന്‍മങ്ങളുടെ അകലം.
നിന്റെ
ഇളം ചെമ്പനിറമുള്ള
ചുരുണ്ട മുടിക്ക്
സ്നേഹത്തിന്റെ
ചോക്ലേറ്റ് ഗന്ധം

Monday 29 March 2010

നിനക്ക് (5)

എന്റെ ആകാശം
ശൂന്യമാണ്.
എനിക്ക്
ഒരു നക്ഷത്രതെയെങ്കിലും
കടം തരുമോ?
ഇല്ലെങ്കില്‍
നിന്റെ ആകാശത്തിലെ
നക്ഷത്രങ്ങളെയെല്ലാം
വാരിക്കൂട്ടി
തീയിട്ടു കത്തിക്കും
ഞാനൊരിക്കല്‍.

നിനക്ക് (4)

എന്റെ
കണ്ണീരു നിറച്ച
മഷിക്കുപ്പി
പൊട്ടിയൊലിച്ചു പോയി.

നിനക്ക് (3)

എന്റെ
ഇടത്തേ കാലിന്റെ
പെരുവിരല്‍
സിഗരറ്റു കൊണ്ട്
പൊള്ളിച്ചു ഞാന്‍.
ഇപ്പോള്‍
തൊലി പൊളിഞ്ഞ
മാംസത്തില്‍
ചെരുപ്പുരന്ജ്
വേദനിക്കുമ്പോള്‍
ഞാന്‍
നിന്നെ ഓര്‍ക്കും.
ഹോ!
നീയും
ഇതുപോലെ
എന്നെയൊന്നു
വേദനിപ്പിച്ചിരുന്നെങ്കില്‍.....

നപ്ഷ്യല്‍ ഫ്ലൈറ്റ് (ഒരു ആണ്‍ തേനിച്ചയുടെ ചരമക്കുറിപ്പ് )

I
ആകാശത്തിന്റെ
അനന്തതയില്‍ വച്ച്
ഇണ ചേരുന്നതിന്റെ
സുഖാലസ്യത്തെക്കുറിച്ചു
എന്നെയെപ്പോഴും
ചിന്തിപ്പിക്കുന്നത്
നീ നുള്ളിയിട്ട
ജീനിന്റെ വികൃതിയത്രേ.

II
കാമത്തിന്റെ
ആര്‍ത്തിക്കണങ്ങള്‍
സ്വരൂപിച്ചു കൂട്ടിയ
നിന്റെ കണ്ണുകള്‍
തണുത്ത തീച്ചിരിയാല്‍
മാടി വിളിക്കുമ്പോള്‍
എന്റെ ചിതയ്ക്ക്
വി റകടുക്കിയാണ്
ഞാന്‍ പറന്നുയരുന്നത് .

III
എന്റെ
സ്വപ്നങ്ങളിലെപ്പോഴും
ആ പറക്കലാണ്.
ഒടുവില്‍,
നിന്റെ നീണ്ട
ചിറകുകള്‍ക്കിടയില്‍
ഞെരിഞ്ഞമര്‍ന്ന്
എന്നിലെ ജീവാണുക്കളെ
മുഴുവനും നിനക്കിഷ്ടദാനമെഴുതി
സുരതാലസ്യത്താല്‍
എല്ലാം മറന്ന്
ഒന്നുമില്ലാതെ
ഭൂമിയുടെ രഹസ്യങ്ങളിലേക്ക്.......

IV
ഒന്ന് ഭോഗിക്കാന്‍
മാത്രമായി നിന്റെ
വികൃതിക്കൈകളാല്‍ പാലൂട്ടി
പിന്നെ മരണത്തിന്റെ
താരാട്ടു പാട്ടിലേക്ക്
ഞെരിച്ചമര്‍ത്തുന്നത്
ഏതു ഭോഗക്കൊടുമുടി
പറ്റാനാണെന്ന് മാത്രം
എനിക്കിനിയും
പിടികിട്ടിയിട്ടില്ല!

V
പിന്‍ ചിറകില്‍
സ്നേഹഗന്ധം കുരുക്കി
എന്നില്‍
ആയിരത്തൊന്നു രാവിന്റെ
സ്വപ്നങ്ങളൊരുക്കി
നീ ഉയരങ്ങളിലേക്ക്
ചിറകടിക്കുമ്പോള്‍
പിന്തുടരാതെ വയ്യ.
പരിണാമത്തിന്റെ
തുടര്‍ച്ചയില്‍
കാലമേറെചെന്നാലും
പരിണമിക്കാത്ത
ചിലതിനെ ധ്യാനിച്ച്
ഞാനും റെഡിയാണ്
എന്റെ
ജീവിത (ഭോഗ)പ്പറക്കലിനു.

Friday 29 January 2010

നിനക്ക് (2)

നിനക്കുള്ള
എന്റെ ചുംബനങ്ങള്‍
മറ്റൊരാള്‍
കട്ടെടുത്തു.