Monday, 29 March 2010

നപ്ഷ്യല്‍ ഫ്ലൈറ്റ് (ഒരു ആണ്‍ തേനിച്ചയുടെ ചരമക്കുറിപ്പ് )

I
ആകാശത്തിന്റെ
അനന്തതയില്‍ വച്ച്
ഇണ ചേരുന്നതിന്റെ
സുഖാലസ്യത്തെക്കുറിച്ചു
എന്നെയെപ്പോഴും
ചിന്തിപ്പിക്കുന്നത്
നീ നുള്ളിയിട്ട
ജീനിന്റെ വികൃതിയത്രേ.

II
കാമത്തിന്റെ
ആര്‍ത്തിക്കണങ്ങള്‍
സ്വരൂപിച്ചു കൂട്ടിയ
നിന്റെ കണ്ണുകള്‍
തണുത്ത തീച്ചിരിയാല്‍
മാടി വിളിക്കുമ്പോള്‍
എന്റെ ചിതയ്ക്ക്
വി റകടുക്കിയാണ്
ഞാന്‍ പറന്നുയരുന്നത് .

III
എന്റെ
സ്വപ്നങ്ങളിലെപ്പോഴും
ആ പറക്കലാണ്.
ഒടുവില്‍,
നിന്റെ നീണ്ട
ചിറകുകള്‍ക്കിടയില്‍
ഞെരിഞ്ഞമര്‍ന്ന്
എന്നിലെ ജീവാണുക്കളെ
മുഴുവനും നിനക്കിഷ്ടദാനമെഴുതി
സുരതാലസ്യത്താല്‍
എല്ലാം മറന്ന്
ഒന്നുമില്ലാതെ
ഭൂമിയുടെ രഹസ്യങ്ങളിലേക്ക്.......

IV
ഒന്ന് ഭോഗിക്കാന്‍
മാത്രമായി നിന്റെ
വികൃതിക്കൈകളാല്‍ പാലൂട്ടി
പിന്നെ മരണത്തിന്റെ
താരാട്ടു പാട്ടിലേക്ക്
ഞെരിച്ചമര്‍ത്തുന്നത്
ഏതു ഭോഗക്കൊടുമുടി
പറ്റാനാണെന്ന് മാത്രം
എനിക്കിനിയും
പിടികിട്ടിയിട്ടില്ല!

V
പിന്‍ ചിറകില്‍
സ്നേഹഗന്ധം കുരുക്കി
എന്നില്‍
ആയിരത്തൊന്നു രാവിന്റെ
സ്വപ്നങ്ങളൊരുക്കി
നീ ഉയരങ്ങളിലേക്ക്
ചിറകടിക്കുമ്പോള്‍
പിന്തുടരാതെ വയ്യ.
പരിണാമത്തിന്റെ
തുടര്‍ച്ചയില്‍
കാലമേറെചെന്നാലും
പരിണമിക്കാത്ത
ചിലതിനെ ധ്യാനിച്ച്
ഞാനും റെഡിയാണ്
എന്റെ
ജീവിത (ഭോഗ)പ്പറക്കലിനു.

2 comments:

  1. For all the 'Drones' who have (is being/will be)devoted their life for their 'evolutionary fate'

    ReplyDelete
  2. ഹൊ... ഈ കവിത ഗംഭീരമായിട്ടുണ്ട് ട്ടോ.. എനിക്കിഷ്ടായി..

    ReplyDelete