Monday 12 July 2010

ലഹരി മണക്കുന്ന പൂക്കള്‍

ലഹരി
മണക്കുന്ന പൂക്കളേ
നിങ്ങളെ ഞാനെന്റെ
പ്രണയിനിക്ക് നല്‍കട്ടെ.
അവളുടെ മൂക്ക്
നിങ്ങളുടെ വാറ്റുമണം
തുമ്മിതീര്‍ക്കട്ടെ.
നീളത്തിലിഴഞ്ഞൊരു പെരുമ്പാമ്പ്
ജീവിതം വിഴുങ്ങുമ്പോള്‍
എന്നെ വാറ്റ്
മണക്കുന്നെന്നാര്‍‍ത്തോരെ,
കുടിലതയുടെ
വ്യഭിജാരക്കളങ്ങളില്‍
നിങ്ങള്‍ക്കു സ്വസ്തി.

പത്താം ക്ലാസ്സിലോരെ-
ഴാമത്തെ പിരിഡില്‍
'മാംസനിബദ്ധമല്ല രാഗ'മെന്നു
മോളി ടീച്ചര്‍
ഒച്ചയെടുക്കുമ്പോള്‍
നീയെന്നിലേയ്ക്ക് ചേര്‍ന്നിരുന്നു
പറങ്കിമാങ്ങ വാറ്റിനെക്കുറിച്ച്
പറഞ്ഞയന്നു വൈകുന്നേരമാണ്
പൊട്ടിയ കന്നാസും
ഒഴുകുന്ന വാഷും
എന്റെ ജീവിതത്തില്‍
ചേക്കേറിയത്.
പിന്നെ,
ജനാര്‍ദ്ദനന്‍ മാഷ്‌
കോടാലിയുമായി വന്ന്
എന്റെ കന്നാസുകളെല്ലാം
കൊത്തിപ്പൊളിച്ചയന്നും
കയ്യില്‍പ്പുരണ്ട ചോരയ്ക്ക്
പറങ്കിമാങ്ങയുടെ മണമായിരുന്നു.
എന്റെ നാക്ക്
നിന്റെ മൂക്കിലുരസിയപ്പോള്‍
എന്‍ഡോസള്‍ഫാന്‍
കുടിച്ചു തീര്‍ന്നുപോയ
തലമുറകളെന്നെ പ്രാകി.
അനിയത്തിയുടെ
കണ്ണിരുട്ടിലേയ്ക്ക്
പറങ്കിമാങ്ങ നീരുറ്റിച്ചു
മോക്ഷപ്പെടുത്തിയത്
അന്നു വൈകുന്നേരം.
പറങ്കിമാങ്ങകള്‍ തൂങ്ങിക്കിടന്ന
അച്ഛാച്ചന്റെ കണ്ണുകള്‍
ചുരണ്ടിയെടുത്ത്
കുട്ടിച്ചാത്തന്‍ മാവിന്റെ
നെറുകയില്‍ തൂക്കിയിട്ടതിന്റെ
പിറ്റേന്ന്
നിന്നിലെ
എന്റെ വാറ്റുമണങ്ങളെ
മറ്റൊരാള്‍ നുകര്‍ന്നു.
ഞാനും
ലഹരി മണക്കുന്ന
എല്ലാ പൂക്കളും
കുട്ടിച്ചാത്തന്‍ മാവിന്റെ
നെറുകയില്‍ ഞാന്നു.

1 comment:

  1. ഉഗ്രന്‍ സോണീ.
    വെള്ളം ചേര്‍ക്കാത്തെ വാറ്റുചാരായം പോലെ
    വീര്യമുള്ളത്

    ReplyDelete